News - 2026

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യു‌എസ് തീരുമാനത്തിനെതിരെ വത്തിക്കാന്‍

പ്രവാചകശബ്ദം 10-10-2026 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ തീരുമാനത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ രംഗത്ത്. 2009-ലെ ഫോർട്ട് ഹുഡ് വെടിവെപ്പിൽ ശിക്ഷിക്കപ്പെട്ട മുൻ ആർമി മേജർ നിദാൽ ഹസ്സന്റെ വെടിയുതിർത്തുള്ള വധശിക്ഷ തത്സമയം പ്രദർശനം ചെയ്യാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെയാണ് കർദ്ദിനാൾ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

മരണത്തെ ഇത്തരം രീതികളിൽ പ്രദർശിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഒരു വ്യക്തി കുറ്റവാളിയാണെങ്കിൽ പോലും ശിക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ ജോൺ ഹെൻറി ന്യൂമാനുമായി ബന്ധപ്പെട്ട് റോമിൽ സംഘടിപ്പിച്ച പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയോട് കത്തോലിക്കാ സഭ പൂർണ്ണമായും എതിർത്തുനിൽക്കുന്നുവെന്നും അത് മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും കുറ്റകൃത്യങ്ങൾ തടയാൻ ഇതൊരു പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ യുഎസ് കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ സ്റ്റാഗ് കോക്ലി നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഎന്‍ സമ്മേളനത്തിലും വധശിക്ഷയ്ക്കെതിരെ വത്തിക്കാന്‍ രംഗത്ത് വന്നിരിന്നു. മനുഷ്യന്റെ അന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമായതിനാൽ വധശിക്ഷ അംഗീകരിക്കാനാവില്ലായെന്നു യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസാണ് പറഞ്ഞിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1235